ഇന്ത്യയുടെ പ്രഥമ സൗരദൗത്യം; ആദിത്യ എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു

ചെന്നൈ: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ആദിത്യ എൽ1 പരിശോധനകൾക്കുശേഷം റോക്കറ്റിൽ ഘടിപ്പിച്ചു. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് (യുആർഎസ്സി) റോക്കറ്റ് നിർമിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്.

പകൽ 11.50നു പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും. രാവിലെ 11.50-നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 വിജയകരമായതിന് പിന്നാലെയാണ് സൂര്യനിലെ രഹസ്യം തേടിയുള്ള ഐസ്ആർഒയുടെ ദൗത്യം. പിഎസ്എൽവി എക്‌സ്എൽ റോക്കറ്റിലാണ് പേടകത്തിന്റെ വിക്ഷേപണം. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച് നാലു മാസംകൊണ്ട് ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റർ അകലെയുള്ള എൽ-1 (ലാഗോൻഷ് പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാൻ കഴിയും.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടാണ് ദൗത്യം. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും ദൗത്യത്തിന്റെ ഭാഗമായി നിരീക്ഷിക്കും. ഏഴ് പേലോഡുകളാണ് പേകടത്തിലുള്ളത്. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാർ ലോ എനർജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്‌സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്‌നെറ്റോമീറ്റർ തുടങ്ങിയവയാണ് പേലോഡുകൾ.