മുഖ്യമന്ത്രിയുമായി അഭിപ്രായഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം : കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം : സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായത്തിഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ടോട്ടക്സ് മോഡലിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിനായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡറിൽ 45 ശതമാനത്തോളം അധിക തുക കോട്ട് ചെയ്തിരുന്നു. ഇത് നടപ്പാക്കിയാൽ ഉപഭോക്താക്കൾക്ക് 80 രൂപയോളം അധികഭാരം വരുമെന്ന് കണക്കാക്കിയാണ് സർക്കാർ ടെൻഡർ റദ്ദാക്കിയത്. ശേഷം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനുള്ള ബദൽ മാർഗ്ഗം നിർദ്ദേശിക്കാൻ സർക്കാർ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു.

അതിന്റെ തുടർപ്രവർത്തനങ്ങൾ നടന്നു വരികയാണ്. പുതിയ സംവിധാനത്തിൽ ബില്ലിംഗ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയർ കെഎസ്ഇബി തന്നെ രൂപപ്പെടുത്തും. കെ ഫോൺ പ്രാബല്യത്തിൽ ആയതുകൊണ്ട് കെഎസ്ഇബിയ്ക്ക് സൗജന്യമായി നൽകിയ ഫൈബർ ഒപ്റ്റിക് കേബിൾ ഉപയോഗിച്ച് ആയിരിക്കും വിവരവിനിമയം നടത്തുന്നത്. കെഎസ്ഇബിയുടെ ഡാറ്റാ സെന്റർ ഉപയോഗിച്ചാകും ഡാറ്റാ സ്റ്റോറേജ് ചെയ്യുന്നത്.

പഴയ മീറ്റർ മാറ്റി സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ കെഎസ്ഇബി തന്നെ ചെയ്യും എന്നാണ് യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. വൈദ്യുതിയുടെ വിതരണ- ഉപപ്രസരണ മേഖലയിലെ നവീകരണത്തിന് ഒന്നാംഘട്ടത്തിൽ കേന്ദ്രസർക്കാർ 4000 കോടി സമർപ്പിച്ചിരുന്നു. ഇവ കൂടാതെ 10000 കോടിയുടെ പദ്ധതിക്ക് കൂടി അനുമതി നൽകുമെന്ന് കേന്ദ്ര ഊർജ്ജവകുപ്പ് മന്ത്രി ഉറപ്പുനൽകിയതായി കെ കൃഷ്ണൻകുട്ടി അറിയിച്ചു.