തിരുവനന്തപുരം : ചന്ദ്രനിൽ നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങൾ ലോകത്തിൽ ഇതുവരെ ആർക്കും അറിയാത്തതാണെന്ന് ഐ എസ് ആർ ഒ ചെയർമാൻ. വരും ദിവസങ്ങളിൽ ആ വിവരങ്ങൾ ശാസ്ത്രജ്ഞർമാർ വെളിപ്പെടുത്തുമെന്നും ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. ചന്ദ്രയാൻ -3 ഇറങ്ങിയ സ്ഥലത്തെ പ്രധാനമന്ത്രി ശിവശക്തിയെന്ന് പേരിട്ടത്തിലുള്ള വിവാദത്തിലും ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.
പേരിടൽ ആദ്യമല്ലെന്നും ഇന്ത്യയുടെ പല സ്ഥലങ്ങളുടെയും പേര് ചന്ദ്രനിലുണ്ടെന്നും ഓരോ രാജ്യത്തിന്റെയും അവർക്ക് ഇഷ്ടപ്പെട്ട പേരുകളിടാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ദക്ഷിണ ധ്രുവത്തിലേക്ക് പോകാനായി പദ്ധതി ഇട്ടിട്ടുണ്ട്. എന്നാൽ അവർക്ക് അതൊന്നും സാധിച്ചിട്ടില്ല. ചന്ദ്രനിൽ നിരപ്പായ പ്രതലം കണ്ടുപിടിക്കാൻ പ്രയാസമാണെങ്കിൽ പോലും ഇന്ത്യയ്ക്ക് അവിടെ എത്താൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ചന്ദ്രനിൽ 14 ദിവസം സൂര്യപ്രകാശവും 14 ദിവസവും ഇരുട്ടുമാണ്. സൂര്യപ്രകാശം ലഭിക്കാത്ത സമയത്ത് റോവറിനെയും ലാൻഡറിനെയും സ്ലീപിംഗ് മോഡിലാക്കും. പിന്നീട് സൂര്യപ്രകാശം എത്തി എല്ലാ ഭാഗവും ചൂടായി പ്രവൃത്തിക്കാൻ പറ്റിയാലേ കമ്പ്യൂട്ടറിന് പ്രവർത്തിച്ച് തുടങ്ങാൻ കഴിയൂ. അങ്ങനെ സംഭവിച്ചാൽ ചന്ദ്രയാൻ -3 14 ദിവസം കൂടി പ്രവൃത്തിപ്പിക്കാൻ കഴിയുമെന്നും ജലങ്ങളും മൂലകങ്ങളും സൗത്ത് പോളിൽ കണ്ടെത്താൻ സാധ്യത ഏറെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

