തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്നും അത്രയേറെ പേർ കേരളത്തിൽ വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നതിനാൽ സംസ്ഥാനം പൊതുവെ എങ്ങിനെ ചിന്തിക്കുന്നുവെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാൾ 40 ശതമാനം താഴെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലത്തു വേഗതയേറിയ ഗതാഗത സംവിധാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അതിനാൽ നൂതന ഗതാഗത സംവിധാനം നമുക്ക് ഒരുക്കേണ്ടതുണ്ട്. അതു പരിസ്ഥിതി സൗഹൃദമായിരിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരസഭയുടെ സ്മാർട്സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടമായി 60 ഇ-ബസുകളാണ് തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ബോയ്സ് സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.
നവകേരള നഗരനയം നടപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധർ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവർ ഉൾപ്പെട്ടതായിരിക്കും കമ്മീഷൻ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നഗരനയത്തിന്റ മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടും. നഗര പുനരുജ്ജീവനം, നഗര സൗന്ദര്യവൽക്കരണം എന്നിവയ്ക്ക് 300 കോടി രൂപ പ്രാരംഭചെലവ് വരും. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനം മാത്രമല്ല നഗരവാസികളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. അതിന്റെ ഭാഗമായാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
പരിപാടിയിൽ തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു. 113 ഇ-ബസുകൾ തലസ്ഥാന നഗരിക്കുള്ള ഓണസമ്മാനം ആണെന്ന് അദ്ദേഹം പറഞ്ഞു. 1135 കോടി രൂപയുടെ സ്മാർട്ട്‌സിറ്റി പദ്ധതിയിൽ 500 കോടി വീതം കേന്ദ്ര, സംസ്ഥാന സർക്കാറുകളും 135 കോടി തിരുവനന്തപുരം കോർപ്പറേഷനും ആണ് വഹിക്കുന്നത്. 104 കോടി രൂപ ചെലവിലാണ് ഇ-ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

