കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്കെതിരെ തുടർ നടപടിയുമായി മുന്നോട്ടു പോകാമെന്നു പൊലീസിനു നിയമോപദേശം ലഭിച്ചു. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസിൽ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ പൊലീസിന് സ്വീകരിക്കാൻ കഴിയും. രണ്ടു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുക. ജില്ലാ ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ കെ എൻ ജയകുമാറാണ് ഇതു സംബന്ധിച്ച നിയമോപദേശം അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപി കെ സുദർശന് നൽകിയത്. പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹർഷിനയുടെ വയറ്റിലാണ് കത്രിക കുടുങ്ങിയത്.
2017 നവംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നു വ്യക്തമാണെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതി അനുഭവിച്ച വേദനകളും വിഷമങ്ങളും പ്രകാരം പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകാമെന്നാണു നിയമോപദേശത്തിൽ പറയുന്നത്.

