ന്യൂഡൽഹി: അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാള സിനിമ അഭിമാനകരമായ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന് നേട്ടം സമ്മാനിച്ചത്. ഫീച്ചർ നോൺ ഫീച്ചർ വിഭാഗങ്ങളിലായി മൊത്തം 8 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ഹോം എന്ന ചിത്രത്തിന് രണ്ട് പുരസ്‌കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയ മികവ് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരാമർശം നേടിക്കൊടുത്തു.
നായാട്ട് സിനിമ ശ്രദ്ധിക്കപ്പെട്ടത് തിരക്കഥയിലൂടെയാണ്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നായാട്ടിന്റെ തിരക്കഥയ്ക്ക് ഷാഹി കബീറിന് ലഭിച്ചത്. മേപ്പടിയാനിലൂടെ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരവും മലയാളം നേടി. വിഷ്ണു മോഹനാണ് പുരസ്‌കാരം നേടിയത്.
‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കെ പി മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷാന്ത് ഒരുക്കിയ ആവാസവ്യൂഹമായിരുന്നു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ട് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആർ എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവ് നേടി. ബെസ്റ്റ് അനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം അദിതി കൃഷ്ണദാസിൻറെ ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം നേടി.

