തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയ വിഷയത്തിലെ വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. പാർട്ടിക്കും കെ കെ ശൈലജയ്ക്കും ഇതേപ്പറ്റി അറിയില്ലെന്നും പാർട്ടിയെയും കണ്ണൂർ സർവ്വകലാശാലയും പരിഹസിക്കുന്ന നടപടിയാണിതെന്നും ജയരാജൻ പ്രതികരിച്ചു. ഒരു സിലബസിലും ഇടപെടേണ്ട കാര്യം ഇടതുമുന്നണിക്ക് ഇല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സർക്കാരിനെയും യൂണിവേഴ്സിറ്റിയും പരിഹസിക്കാൻ ശ്രമിച്ച ഈ നടപടി ചെയ്തതാരാണെന്ന് സർവ്വകലാശാല കണ്ടെത്തണമെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു.
കണ്ണൂർ സർവ്വകലാശാലയിലെ എം എ ഇംഗ്ലീഷിന്റെ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് എന്ന പേപ്പറിൽ ആണ് കെ കെ ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘എന്ന ആത്മകഥ ഉൾപ്പെടുത്തിയിരുന്നത് . നെൽസൺ മണ്ടേല, സി കെ ജാനു, അംബേദ്കർ തുടങ്ങിയവരുടെ ആത്മകഥയും ഇതിനൊപ്പം പഠിക്കാനുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റി ആയിരുന്നു സിലബസ് രൂപീകരിച്ചത്. ഇവ നിർബന്ധിത പഠനം അല്ലെന്നും പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് കരിക്കുലം കമ്മിറ്റി കൺവീനർ പ്രതികരിച്ചത്.

