ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രദൗത്യം ചന്ദ്രയാൻ 3- ന്റെ സോഫ്റ്റ് ലാൻഡിങ്ങിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതോടെ നമ്മുടെ ശാസ്ത്രജ്ഞർ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല ഭൂമിശാസ്ത്രം എന്ന ആശയം പുനർനിർമ്മിക്കുകയും ചെയ്തുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇത് ശരിക്കും ഒരു സുപ്രധാന സന്ദർഭമാണ്. ഇത് മനുഷ്യരാശിക്ക് പ്രധാന നേട്ടമാണ്. ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമയം 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 നാണ് സോഫ്റ്റ് ലാൻഡിംഗ് ദൗത്യം ആരംഭിച്ചത്. മിഷൻ വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായി. ഇന്ത്യയുടെ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖർ ചന്ദ്രയാൻ 3 യുടെ വിജയത്തെ പ്രശംസിച്ചു.

