സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ തസ്തികയിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തി: മന്ത്രി

തിരുവനന്തപുരം: സർക്കാർ കോളേജുകളിലെ നിലവിലെ ഒഴിവുകളിലേക്ക് പ്രിൻസിപ്പാൾമാരെ താൽക്കാലികമായി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

നിയമനം താൽക്കാലികമാകണമെന്നും മുഴുവൻ അപേക്ഷകരും തുടർന്നുള്ള സിലക്ഷൻ പ്രക്രിയയിൽ പങ്കെടുക്കണമെന്നുമുള്ള കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ. അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ നിർദ്ദേശപ്രകാരം, ആദ്യം തിരഞ്ഞെടുത്ത 43 പേരിൽ വിരമിച്ച അഞ്ചുപേരും നിയമനത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട രണ്ടു പേരും ഒഴികെ 36 പേർക്കാണ് താൽക്കാലിക നിയമനം നൽകിയതെന്ന് മന്ത്രി പറഞ്ഞു.

ഇവർക്ക് തുടർന്നുള്ള പ്രിൻസിപ്പാൾ നിയമന പ്രക്രിയയിൽ വീണ്ടും പങ്കെടുക്കേണ്ടിവരും. മുഴുവൻ തസ്തികകളിലേക്കുമുള്ള പ്രിൻസിപ്പാൾ നിയമനത്തിന് നടപടിക്രമങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.