ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 യുടെ വിക്രം ലാന്ററും ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററും തമ്മിൽ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആർഒ. 2019 ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ദൗത്യത്തിൽ ലാന്റർ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാൻ എന്ന് പേരിട്ട ഓർബിറ്റർ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീx100 കിമീ ഭ്രമണ പഥത്തിൽ സ്ഥാപിച്ചിരുന്നു. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ തുടർച്ചയായാണ് ചന്ദ്രയാൻ 3 ഒരുക്കിയത്. ചന്ദ്രയാൻ 2 ഓർബിറ്റർ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാൽ പ്രത്യേകം ഓർബിറ്റർ ചന്ദ്രയാൻ 3 യിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഈ ഓർബിറ്റർ വഴിയായിരിക്കും വിക്രം ലാന്ററുമായുള്ള ഐഎസ്ആർഒയുടെ മിഷൻ ഓപ്പറേറ്റർ കോംപ്ലക്സിന്റെ ആശയവനിമിയങ്ങൾ നടക്കുന്നത്. ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാൻ 2 ഓർബിറ്റർ സ്വാഗത സന്ദേശം അയച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് ഐഎസ്ആർഒ ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. അതേസമയം, ലാന്റിങിന് മുമ്പ് വിക്രം ലാന്റർ പകർത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

