തിരുവനന്തപുരം : കെ ഫോൺ പദ്ധതി നടത്തിപ്പിൽ എസ് ആർ ഐ ടി യുടെ വീഴ്‌ചകൾ കണ്ടെത്തി സി എ ജി. സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച കെ ഫോണിന്റെ മെല്ലെപോക്കിനും മോശമായ പ്രകടനത്തിനും കാരണം എസ് ആർ ഐ ടി യാണെന്നാണ് സി എ ജി നിരീക്ഷിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഭാരത് ഇലക്ട്രോണിക്സ് വിളിച്ച യോഗത്തിൽ വീഴ്ചകളെല്ലാം എസ് ആർ ഐ ടി സമ്മതിച്ചതായും സി എ ജി ഓഡിറ്റ് പരാമർശത്തിൽ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ പദ്ധതിയാണെങ്കിലും കെ ഫോണിന്റെ എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് ആർ ഐ ടിയാണ്.
ഭാരത് ഇലക്ട്രോണിക്സെന്ന പൊതുമേഖലാ സ്ഥാപനം ജനുവരിയിൽ നടത്തിയ അവലോകന യോഗത്തിലാണ് കമ്പനിയുടെ ഗുരുതരവീഴ്ചകൾ കണ്ടെത്തിയത്. 339 കിലോമീറ്റർ ഇടേണ്ടിയിരുന്ന എ ഡി എസ് എസ് കേബിൾ ഇട്ടത് 219 കിലോമീറ്റർ മാത്രമാണ്. ജീവനക്കാരുടെ വിന്യാസത്തിൽ വലിയ പോരായ്മകൾ വരുത്തി തുടങ്ങി 2022 ഡിസംബറിൽ കൈവരിക്കേണ്ട പ്രഖ്യാപിത ലക്ഷ്യങ്ങൾ പോലും എസ് ആർ ഐ ടി ചെയ്തില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വീഴ്ചകൾ കമ്പനി സമ്മതിച്ച സ്ഥിതിക്ക് വസ്തുതകളും വിവരങ്ങളും നിരത്തി കെ ഫോൺ വിശദീകരണം നൽകണമെന്നാണ് സി എ ജി നിർദ്ദേശിച്ചിരിക്കുന്നത്.

