ശ്രീനഗർ: കശ്മീരിലെ റ്റുലിപ് ഗാർഡൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ഏഷ്യയിലെ ഏറ്റവും വലിയ റ്റുലിപ് ഗാർഡനാണ് കശ്മീരിലേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പേർ ഇവിടെയെത്താറുണ്ട്. ജമ്മുകശ്മീരിലെ സർബാൻ പർവ്വതനിരകളുടെ അടിവാരങ്ങൾക്കിടയിലാണ് റ്റുലിപ്‌സ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 68 വ്യത്യസ്ത ഇനങ്ങളിലായി 1.5 ദശലക്ഷം പൂക്കൾ ഇവിടെയുണ്ട്.
ഈ അംഗീകാരം ഒരു സുപ്രധാന നാഴികക്കല്ലായി നിലകൊള്ളുമെന്നും കശ്മീരിലെ പ്രാദേശിക സമ്പദ് വ്യവസ്ഥ വളർത്തുന്നതിന് സഹായകരമായിരിക്കുമെന്നും ഫ്‌ളോറികൾച്ചർ, ഗാർഡൻസ് ആൻഡ് പാർക്കസ് കമ്മീഷണർ ഷെയ്ഖ് ഫയാസ് അഹമ്മദ് പറഞ്ഞു. കശ്മീരിലെ ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ റ്റുലിപ് പൂന്തോട്ടം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വേൾഡ് ബുക്ക് ഓഫ് റെക്കോർഡിന്റെ പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ലയിൽ നിന്നും ഷെയ്ഖ് ഫയാസ് അഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഒരു ലക്ഷത്തിലധികം പേരായിരുന്നു ഈ വർഷം ഏപ്രിൽ മാസത്തിൽ പത്ത് ദിവസം കൊണ്ട് ശ്രീനഗറിലെത്തിയത്.

