തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 പേർക്ക് ദാരുണാന്ത്യം

വയനാട്: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. വയനാട് തലപ്പുഴ കണ്ണോത്ത് മലയിലാണ് അപകടം ഉണ്ടായത്. തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെല്ലാം സത്രീകളാണ്. 12 പേർ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ജോലി കഴിഞ്ഞ് ജീപ്പിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളികൾ. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി, വസന്ത എന്നിവരാണ് മരണപ്പെട്ടത്. ഡ്രൈവർ മണി, ജയന്തി, ഉമാദേവി, ലത, മോഹനകുമാരി എന്നിവർ ചികിത്സയിലാണ്. ജീപ്പിലുണ്ടായിരുന്നവരെല്ലാം കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ്.

അതേസമയം, വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.