റഷ്യൻ ചാന്ദ്രദൗത്യമായ ‘ലൂണ 25’ പേടകത്തിൽ സാങ്കേതിക തകരാർ

മോസ്‌കോ: റഷ്യൻ ചാന്ദ്രദൗത്യമായ ‘ലൂണ 25’ പേടകത്തിൽ സാങ്കേതിക തകരാർ. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് അറിയിച്ചത്. ലൂണ 25 വിക്ഷേപണം നടന്നത് ഓഗസ്റ്റ് 11 നാണ്. ഓഗസ്റ്റ് 21ന് പേടകം ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ലൂണ 25 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ്. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണ പദ്ധതിയിട്ടിരുന്നത്.

അതേസമയം, ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്.

പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ഓഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ ആരംഭിക്കുന്നത്.