മാത്യുകുഴൽനാടനെ വേട്ടയാടിയാൽ കൈയ്യും കെട്ടിനിൽക്കില്ല; കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനും ആഭ്യന്തര വകുപ്പിനുമെതിരെ ആഞ്ഞടിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കോടികൾ കുമിഞ്ഞു കൂടുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യുകുഴൽനാടൻ എം എൽ എ കേരളീയ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീർക്കുകയാണ് സി പി എമ്മും ആഭ്യന്തര വകുപ്പുമെന്നും അദ്ദേഹം വിമർശിച്ചു.

സി പി എം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്കിയെന്നു മാത്രമല്ല, തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നിൽ പരിശോധിക്കാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും മാത്യുവിനെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്ന് സി പി എം കരുതുന്നെങ്കിൽ മാത്യു കുഴൽനാടൻ ഒറ്റക്കല്ലെന്ന യാഥാർത്ഥ്യം സി പി എം തിരിച്ചറിയണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാത്യു കുഴൽനാടനെ വേട്ടയാടാൻ സർക്കാരും ആഭ്യന്തരവകുപ്പും സിപിഎമ്മും ഇറങ്ങിത്തിരിച്ചാൽ അതേ നാണയത്തിൽ കോൺഗ്രസിന്റെ കരുത്തും പ്രതിഷേധാഗ്നിയുടെ ചൂടും സിപിഎമ്മും സർക്കാരും അറിയാൻ പോകുന്നതേയുള്ളു. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇത്തരമൊരു പരിശോധനയ്ക്ക് വിധേയമാക്കാമോയെന്ന മാത്യു കുഴൽനാടന്റെ വെല്ലുവിളി ഉയർന്നത് കാണാൻ മുഖ്യമന്ത്രിക്ക് കണ്ണുകളില്ല. കേൾക്കാൻ ചെവികളില്ല. ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടാൻ മുഖ്യമന്ത്രി അങ്ങേയറ്റം ഉത്സാഹഭരിതനുമാണ്. മോദിയെപ്പോലെ പിണറായി വിജയനും ചോദ്യങ്ങളെ ഭയമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പോലെ രണ്ടുപേരുടെയും സ്വഭാവത്തിലും പ്രവർത്തിയിലും നിരവധി സാമ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷനേതാക്കളെയെല്ലാം കേന്ദ്രഏജൻസികൾ വേട്ടയാടിയിട്ടും പിണറായിക്കെതിരേ പെറ്റിക്കേസ് പോലും ഇതുവരെ എടുത്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ മാത്രം നിരത്തി എഴുതിയാൽ ഒരു നോട്ട് ബുക്ക് തികയാതെ വരും. നാണം കെട്ടും അധികാരത്തിൽ കടിച്ച് തൂങ്ങാതെ രാജിവെച്ചു പോകാനുള്ള തന്റേടവും നട്ടെല്ലും മുഖ്യമന്ത്രിക്കുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനാധിപത്യ സംവിധാനങ്ങളിലെ എല്ലാ മര്യാദകളോടും പരമ പുച്ഛമാണ്. എന്തു നെറികേടിലൂടെയും പണം ഉണ്ടാക്കണമെന്ന അത്യാർത്തി മാത്രമാണ് സിപിഎം നേതൃത്വത്തിനുള്ളത്. മുൻ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ വെളിപ്പെടുത്തിയ സത്യങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദ്രവ്യാസക്തി കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. കിടപ്പാടമില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ലൈഫ് മിഷൻ പദ്ധതിയിൽപ്പോലും കൈയിട്ടുവാരിയവരാണ് മുഖ്യമന്ത്രിയും ഇടതു സർക്കാരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.