ന്യൂഡൽഹി: അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളുമായി ആർബിഐ. ഇതിനായി റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പോർട്ടൽ ‘ഉദ്ഗം’ പ്രവർത്തനമാരംഭിച്ചു.udgam.rbi.org.in എന്നതാണ് വെബ്സൈറ്റ്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരം ലഭ്യമാണ്.
ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ അവരവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പകരമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ പോർട്ടൽ പ്രവർത്തന സജ്ജമാക്കിയത്. ഒരാൾക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇതുവഴി അറിയാൻ കഴിയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റിബാങ്ക് എന്നീ ബാങ്കുകളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാക്കുക.
ഒക്ടോബർ 15നകം ബാക്കി ബാങ്കുകളിലും സേവനം ലഭ്യമാക്കുന്നതാണ്. 35,000 കോടി രൂപയിലേറെയാണ് പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. എസ്ബിഐയിലാണ് ഏറ്റവും അധികം പണം ഇത്തരത്തിലുള്ളത്. 8,086 കോടി രൂപയാണ് എസ്ബിഐയിൽ അവകാശികളെ കാത്ത് കിടക്കുന്നത്. 5340 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിലും 4558 കോടി രൂപ കാനറാ ബാങ്കിലുമുണ്ട്.
എങ്ങനെയാണ് ഉദ്ഗം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതെന്ന് നോക്കാം:
ആദ്യം udgam.rbi.org.in എന്ന സൈറ്റിൽ പുതിയ അക്കൗണ്ട് റജിസ്റ്റർ ചെയ്യുക. തുടർന്ന് ലോഗിൻ ചെയ്യുക. ഹോം പേജിൽ ‘Individual’ എന്നതിനു താഴെ തിരയേണ്ട അക്കൗണ്ടിന്റെ ഉടമയുടെ പേര് നൽകുക. ഓരോ ബാങ്കും പ്രത്യേകമായോ, ‘All’ ഓപ്ഷൻ വഴി എല്ലാ ബാങ്കുകളും ഒരുമിച്ച് തിരഞ്ഞെടുത്തും സേർച് ചെയ്യാം. Non-Individual ഓപ്ഷൻ വഴി സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ തിരയാം.
താഴെ പാൻ, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ജനനത്തീയതി തുടങ്ങി ഏതെങ്കിലുമൊരു വിവരവും നൽകണം. ഒന്നിലേറേ വിവരങ്ങൾ നൽകിയാൽ സേർച് കൂടുതൽ കാര്യക്ഷമമാകും. ‘Show additional search criteria’ വഴി ആവശ്യമെങ്കിൽ വിലാസവും സംസ്ഥാനവും നൽകാം. നിക്ഷേപം കണ്ടെത്തിയാൽ അവകാശിയെന്ന നിലയിൽ അത് ക്ലെയിം ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാം.

