തൊഴിലുറപ്പ് തൊഴിലാളിയായ ഷീബയ്ക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം നൽകി കേന്ദ്രസർക്കാർ

വാളയാർ : ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ഷീബയെ കേന്ദ്രസർക്കാർ ക്ഷണിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളി മേറ്റായ ഷീബ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിനിധിയായാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ മൂന്നു തൊഴിലുറപ്പ് തൊഴിലാളികൾക്കും ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുശ്ശേരി ഒമ്പതാം വാർഡിലെ കുപ്പയംകുളം ശുചീകരിച്ചത് ഷീബയുടെ മേൽനോട്ടത്തിലായിരുന്നു.

ഷീബയുടെ നേതൃത്വത്തിൽ അമ്പതോളം തൊഴിലാളികൾ ചേർന്നാണ് മാലിന്യം നിറഞ്ഞുകിടന്ന കുളം നവീകരിച്ചത്. ഈ പ്രവൃത്തി അമൃത് സരോവർ പദ്ധതിയിലെ തന്നെ മാതൃക പ്രവർത്തനമായി മാറുകയായിരുന്നു. കൂടാതെ അനേകം ജലാശയങ്ങളും ഇത്തരത്തിൽ ശുചീകരിക്കപ്പെട്ടു. ഷീബയ്ക്ക് ഒപ്പം ഭർത്താവ് സ്വാമിനാഥനും മക്കളും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കുടുംബത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് യാത്രയയപ്പ് നൽകി.