ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി സായുധ വിമതസേന. തുടർന്ന് പാകിസ്താൻ സുരക്ഷാ സേനയും വിമതസേനയും തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഗ്വാദറിലെ ഫക്കീർ പാലത്തിന് സമീപത്തുണ്ടായ ആക്രമണത്തിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് രാവിലെ ആക്രമണം ഉണ്ടായത്.
ഏറ്റുമുട്ടലിനിടെ രണ്ട് പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ആക്രമണത്തിന്റ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ പാക് സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ വിമത സേനയ്ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ റോഡുകൾ അടച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ബലൂച് ലിബറേഷൻ ആർമിയുടെ ചാവേർ ഗ്രൂപ്പായ മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിലെയും സിന്ധിലെയും ചൈനീസ് പൗരന്മാരോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവരുടെ വസതികളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പാകിസ്താനിലെ ചൈനീസ് കോൺസുലേറ്റ് നിർദ്ദേശം നൽകി.

