ഭാരതീയ ന്യായസംഹിത; പ്രകൃതിവിരുദ്ധ ലൈംഗികത എന്ന കുറ്റം ഒഴിവാക്കും

ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ പുതുതായി ആവിഷ്‌ക്കരിക്കുന്ന ഭാരതീയ ന്യായസംഹിതയിൽ ‘പ്രകൃതിവിരുദ്ധ ലൈംഗികത’ എന്ന കുറ്റം ഒഴിവാക്കും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ പീനൽ കോഡനുസരിച്ച് പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റദ്ദാക്കപ്പെടുന്നത്.

നിലവിലെ നിയമത്തിലെ 377-ാം വകുപ്പനുസരിച്ചുള്ള ‘പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമായ രീതിയിൽ പുരുഷനോടോ സ്ത്രീയോടോ മൃഗങ്ങളോടോ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകൃത്യമാണെന്ന വ്യവസ്ഥയാണ് പുതിയ നിയമം പ്രബല്യത്തിൽ വരുന്നതോടെ ഒഴിവാക്കപ്പെടുന്നത്. 377-ാം വകുപ്പിൽനിന്ന് സുപ്രീം കോടതി 2018-ൽ എൽജിബിടിക്യു വിഭാഗത്തിലെ മുതിർന്ന അംഗങ്ങൾ തമ്മിൽ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകൃത്യമാണെന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നു.

പ്രകൃതിവിരുദ്ധ ലൈംഗികത പരാമർശിക്കുന്ന ഐപിസി 100, 367(4) എന്നീ വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിൽ നിലനിർത്തിയിട്ടുണ്ട്. സ്വയം പ്രതിരോധം സംബന്ധിച്ച ഐപിസി സെക്ഷൻ 100 ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 38-ൽ പരാമർശിക്കുന്നുണ്ട്.