മാസപ്പടി വിവാദം; വീണാ വിജയനെതിരെ ഇഡി അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മാസപ്പടി വിവാദം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ. ഇഡിയും ഇന്റലിജൻസ് ബ്യൂറോയും കേസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മൂന്ന് വർഷമായി മാസപ്പടി ഇനത്തിൽ 1.72 കോടി രൂപയാണ് വീണ വിജയൻ കൈപ്പറ്റിയത്.

വീണയും സിഎംആർഎല്ലുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ തർക്ക പരിഹാര സമിതി പുറത്തുവിട്ട കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷണം നടത്തുക.

വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. മാസപ്പടി ഇനത്തിൽ വീണാ വിജയൻ പണം കൈപ്പറ്റിയ വിവരം ആദായ നികുതി വകുപ്പ് കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്.