ന്യൂ ഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷയൊരുക്കി സൈന്യം. ചെങ്കോട്ടയിൽ കുക്കി – മെയ്തി വിഭാഗങ്ങളുടെ സംഘർഷ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രധാന നഗരങ്ങളിൽ എല്ലാം ത്രിതല സുരക്ഷാ വിന്യാസം, അർദ്ധ സൈനിക വിഭാഗങ്ങളുടെ നിരീക്ഷണം എന്നിവ ശക്തമാക്കിയിട്ടുണ്ട്. 77മത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങുമ്പോഴാണ് ഇത്തരത്തിൽ സംഘർഷ സാധ്യതയുണ്ടെന്ന വിവരം ലഭിക്കുന്നത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.
ഇവിടെയാണ് മെയ്തി – കുക്കി വിഭാഗത്തിന്റെ സംഘർഷം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് രഹസ്യന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതോടെ സുരക്ഷയ്ക്കായി പതിനായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടയ്ക്ക് ചുറ്റും വിന്യസിച്ചിരിക്കുന്നത്. ആഗസ്റ്റ് 15ന് നടക്കുന്ന ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ 1500 ഓളം പേരാണ് പങ്കെടുക്കുന്നത്. അതിർത്തിയിലെ റോഡ് നിർമ്മിച്ച തൊഴിലാളികളും പാർലമെന്റ് നിർമ്മാണ തൊഴിലാളികളും നെയ്ത്തുകാരും ഇത്തവണ അതിഥിയായെത്തും. അതിർത്തി പ്രദേശങ്ങളിലും ഹരിയാനയിലും മണിപ്പൂരിലുമുൾപ്പെടെ സംഘർഷം കണക്കിലെടുത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

