ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയും മമതാ ബാനർജിയും തമ്മിൽ വാക്പോര്

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ വാക്പോര്. ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ അരങ്ങേറിയ അക്രമത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വാക്ക് പോര് ഉണ്ടായത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് തൃണമൂൽ കോൺഗ്രസ് നടത്തിയത് ചോരക്കളിയായിരുന്നെന്നും രാജ്യം അതിനു സാക്ഷിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും വോട്ടെണ്ണൽ ദിനത്തിൽ ബൂത്ത് പിടിക്കാൻ പാർട്ടി ഗുണ്ടകളെ ഏർപ്പാടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദ്ദേശം സമർപ്പിക്കാൻ പോലും ബിജെപി പ്രവർത്തകരെ അവർ അനുവദിച്ചില്ല, സ്ഥാനാർത്ഥികളായവരെ പ്രചാരണം നടത്താനും അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് ദിനങ്ങളിലും പിന്നീട് വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഈ പരാമർശത്തിന് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. പ്രധാനമന്ത്രി സംസ്ഥാനത്തെ അപമാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളിൽ ബിജെപി 20 തൃണമൂൽ പ്രവർത്തകരെ കൊലപ്പെടുത്തിയെന്നുമായിരുന്നു മമത ബാനർജി പറഞ്ഞത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണി അധികാരം പിടിക്കുമെന്നും ബിജെപിയുടെ അന്ത്യം അടുത്തെന്നും മമത കൂട്ടിച്ചേർത്തു.