തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി മ്യൂസിയമാക്കണമെന്ന അഭിപ്രായം നിയമസഭയിൽ ഉയർന്നതിൽ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം. വിഷയത്തിൽ തന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അശ്വതി തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടി. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കല്ലറകളിലുള്ള അമൂല്യ സാധനങ്ങൾ മതിൽകെട്ടിന് വെളിയിലേക്ക് പോകാൻ പാടില്ലെന്ന് തമ്പുരാട്ടി പറഞ്ഞു.
ഇവയെല്ലാം എത്രയോ കാലങ്ങളായി ഭഗവാനുള്ള സമർപ്പണങ്ങളായിട്ട് വന്നതാണ്. ടൂറിസ്റ്റ് അട്രാക്ഷനായിട്ട് ഇവയൊക്കെ പ്രദർശിപ്പിക്കുക എന്നത് ഒരിക്കലും സ്വീകാര്യമല്ല. ഇവയെല്ലാം ദർശന വസ്തുക്കളാണ്, പ്രദർശന വസ്തുക്കളല്ല. വിശേഷങ്ങളായ ആഭരണങ്ങളും സാമഗ്രികളുമുള്ള പല ക്ഷേത്രങ്ങളും ഭാരതത്തിലുണ്ട്. തിരുപ്പതി മാത്രം നോക്കിയാൽ മതി. അവിടെയൊന്നും പ്രദർശന മ്യൂസിയങ്ങൾ ഉള്ളതായി തന്റെ അറിവിലില്ല. പിന്നെന്തിനാണ് ശ്രീപദ്മനാഭ സ്വാമിയ്ക്കെന്ന് ലക്ഷ്മി ബായി തമ്പുരാട്ടി ചോദിക്കുന്നു.

