തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി 96 കോടി വാങ്ങിയെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തി. വിജിലൻസ് മുതൽ ലോകായുക്ത വരെയുള്ള സർക്കാർ ഏജൻസികൾ കേരളത്തിൽ നോക്കുകുത്തിയായി നിൽക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു.
‘കോടിക്കണക്കിന് രൂപ കരിമണൽക്കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി വാങ്ങിയത് എന്തിനാണ്. അദ്ദേഹത്തിന്റെ മകളുടെ പേര് മാത്രമല്ല റിപ്പോർട്ടിൽ പലയിടത്തും മുഖ്യമന്ത്രിയുടെ പേരുമുണ്ട്. എന്തിനാണ് രമേശ് ചെന്നിത്തലയ്ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും കമ്പനി പണം നൽകിയത്’- എന്നിങ്ങനെയായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണങ്ങൾ. ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തി സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും മുഖം മൂടി അഴിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

