ന്യൂ ഡൽഹി : ഇനിമുതൽ ഓട്ടോമാറ്റിക് കാറുകൾ ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസ് എടുക്കേണ്ടി വരും. ഇരുചക്ര വാഹനങ്ങൾക്കുള്ളതു പോലെ കാറുകൾക്കും ഓട്ടോമാറ്റിക്, ഗിയർ എന്നിങ്ങനെ രണ്ട് തരം ലൈസൻസ് ഉണ്ടാകും. രണ്ട് ലൈസൻസ് ലഭിക്കുന്നതിനും വ്യത്യസ്ത ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും. ഗിയർ വാഹനം ഓടിക്കാൻ ലൈസൻസുള്ളവർക്ക് അതെ വിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കാം. പക്ഷേ ഓട്ടോമാറ്റിക് വാഹനം ഓടിക്കുന്നവർക്ക് ഇതിന് അനുമതി ഉണ്ടാകില്ല. സാരഥി എന്ന സംവിധാനത്തിലേക്ക് കേന്ദ്ര ഡ്രൈവിംഗ് ലൈസൻസ് മാറിയപ്പോൾ സംസ്ഥാനങ്ങളിലെ ലൈസൻസ് സംവിധാങ്ങളിൽ കേന്ദ്രം മാറ്റം കൊണ്ട് വന്നിരുന്നു.
ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്സ് വിഭാഗം ലൈസൻസ് ഇതോടെ ഇല്ലാതെയായി. ഇവയ്ക്കുപകരം നടപ്പാക്കിയ എൽ എം വി ലൈസൻസിൽ ഓട്ടോ മുതൽ മിനി വാനുകൾ വരെ ഓടിക്കാനാകും. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ എൽ എം വി ടെസ്റ്റിന് ഗിയർ വാഹനം ആവശ്യമില്ലെന്ന മാറ്റം കൊണ്ട് വന്നിരുന്നു. ഇതോടെ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം ഓടിക്കാൻ കഴിഞ്ഞിരുന്നു. ഇവർക്ക് ഗിയർ വാഹനം ഓടിക്കുന്നതിന് തടസ്സം ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാസർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചതോടെയാണ് പുതിയ തീരുമാനം സ്വീകരിച്ചത്.

