പുതിയ മദ്യനയം ലക്ഷദ്വീപിനെ നശിപ്പിക്കുമെന്ന് എം പി മുഹമ്മദ് ഫൈസൽ

ലക്ഷദ്വീപ് : ലക്ഷദ്വീപിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതികരിച്ചു എം പി രംഗത്തെത്തി. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷദ്വീപിലെ സ്കൂളുകളിൽ ഏകീകൃത യൂണിഫോം കോഡ് സംബന്ധിച്ച ഉത്തരവിറക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുഹമ്മദ് ഫൈസൽ എം പി അഭിപ്രായപ്പെട്ടു. ദ്വീപിൽ ടൂറിസം വളർത്താനെന്ന പേരിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ മദ്യനയം ലക്ഷദ്വീപിനെ നശിപ്പിക്കുമെന്നും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്നും എം പി വ്യക്തമാക്കി.

മദ്യനയം സംബന്ധിച്ച് ലക്ഷദ്വീപിലെ ജനങ്ങളോട് അഭിപ്രായം ചോദിച്ച സർക്കാരിന് മറുപടിയുമായി സംവിധായിക ഐഷാ സുൽത്താന രംഗത്ത് എത്തിയിരുന്നു. കുടിവെള്ളം, ഡോക്ടർമാർ, മരുന്ന്, ഭക്ഷണസാധനം, മെഡിക്കൽ കോളേജ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നെങ്കിലും വേണമെന്നതാണ് ജനങ്ങളുടെ അഭിപ്രായമെന്നാണ് സംവിധായിക പ്രതികരിച്ചത്. നിലവിൽ പൂർണമായും മദ്യനിരോധന മേഖലയാണ് ലക്ഷദ്വീപ്. എന്നാൽ അവിടെയുള്ള ബങ്കാരംദ്വീപിൽ ടൂറിസ്റ്റുകൾക്കായി മദ്യ വിതരണം നടന്നുവരുന്നുണ്ട്. ഇത് മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. വിഷയത്തിൽ സെപ്റ്റംബർ 3 നകം ജനങ്ങൾ അഭിപ്രായം അറിയിക്കണം എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.