ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൻമേലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം അറിയിച്ചു.
മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കും. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി രേഖപ്പെടുത്തിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ്. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തിൽ സന്തോഷമില്ല. അഴിമതി പാർട്ടികൾ ഒന്നായിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

