സാമ്പത്തിക ശക്തികൾക്ക് രാഷ്ട്രീയ പാർട്ടികൾ കീഴടങ്ങുന്നത് ദുഷ്പ്രവണത; വി എം സുധീരൻ

തിരുവനന്തപുരം: സാമ്പത്തിക ശക്തികൾക്ക് രാഷ്ട്രീയ പാർട്ടികൾ കീഴടങ്ങുന്നത് ദുഷ്പ്രവണതയാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. കർത്തയുടെ പണം പറ്റിയതിലാണ് അദ്ദേഹം വിമർശനമായി രംഗത്തെത്തിയത്. മുതലാളിമാർക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാമെന്ന് തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും അദ്ദേഹം വിമർശിച്ചു.

സമൂഹത്തിന് ദോഷകരമായി ബാധിക്കാവുന്ന ആളുകളിൽ നിന്ന് പണം വാങ്ങുന്നത് തെറ്റാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും ചിലർ സ്വാധീനിക്കുന്നുണ്ട്. ദുഃസ്വാധീനങ്ങൾക്ക് ജനാധിപത്യം അടിമപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.

സമ്പത്ത് ഉണ്ടെങ്കിൽ ആരെയും വിലയ്ക്ക് വാങ്ങാമെന്ന സാഹചര്യമാണ്. രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പ് കുറയുന്ന സാഹചര്യമാണ്. സത്യം പുറത്ത് വരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.