മാസപ്പടി വാങ്ങിയവരിൽ യുഡിഎഫ് നേതാക്കളുമുള്ളതിനാൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം ഉന്നയിച്ചില്ല

തിരുവനന്തപുരം : പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം ഉന്നയിച്ചില്ല. മാസപ്പടി വാങ്ങിയവരിൽ യുഡിഎഫിലെ നേതാക്കളും ഉൾപ്പെടുന്നതിനാലാണ് പ്രമേയം ഉന്നയിക്കാതിരുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

ബിസ്സിനസുകാരനുമായുള്ള ബന്ധത്തിന്റെ പുറത്താണ് പണം ലഭിച്ചതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നീ പ്രമുഖ കോൺഗ്രസ് നേതാക്കളും പണം കൈപ്പറ്റിയതായി പറയുന്നുണ്ട്. ബിസിനസിന്റെ സുഗമവും കാര്യക്ഷമവും ആയ പ്രവർത്തനത്തിനാണ് പണം നൽകിയതെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് സി എഫ് ഒ കെ എസ് സുരേഷ്‌കുമാർ ആദായ നികുതി വകുപ്പിന് മൊഴി നൽകിയിരുന്നു.