ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ സന്ദർനം നടത്താത്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ ഭാരത മാതാവാണ് കൊല്ലപ്പെട്ടത്. ബിജെപി രാജ്യദ്രോഹികളാണ്. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണ്. ബിജെപി മണിപ്പൂരിനെ രണ്ടായി ഭിന്നിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തിനാണ് താൻ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്ന് ആളുകൾ തന്നോടു ചോദിക്കാറുണ്ട്. എന്തിനാണ് ഈ യാത്രയെന്ന് തനിക്കും ഒരു വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയെ അറിയാനാണ് ഈ യാത്രയെന്ന് താൻ തിരിച്ചറിഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ഇറങ്ങി തിരിക്കുമ്പോൾ, തന്റെ കായികക്ഷമതയെ കുറിച്ച് വിശ്വാസമുണ്ടായിരുന്നു. അത് വിഷമകരമായി തോന്നിയില്ല. എന്നാൽ, ഈ രാജ്യം അഹന്ത പൊറക്കുകയില്ല. ഏതാനും ദിവസങ്ങൾക്കകം പഴയ മുറിവ് പുറത്തുവരികയും തനിക്ക് വേദനിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

