കോഴിക്കോട് : കൺസ്യുമർ ഫെഡിന്റെ ഓണച്ചന്തകൾക്ക് ഈ മാസം 19 ന് തുടക്കമാകും. 13 ഇനം സാധനങ്ങൾ വിലക്കയറ്റ സമയത്തും സബ്സിഡി നിരക്കിൽ ജനങ്ങളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും ചന്തകളിൽ കൊണ്ട് വരുമെന്ന് അധികൃതർ അറിയിച്ചു. പൊതു വിപണികളിൽ സാധനങ്ങൾക്ക് വിലകൂടിയതും സപ്ലൈ കോ ഔട്ട് ലെറ്റിൽ സബ്സിഡി ഇനങ്ങൾ കിട്ടാനില്ലെന്ന പരാതിയുമാണ് ഓണച്ചന്തകൾ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം.
സപ്ലൈകോയിലെ അതേ വിലയിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ നൽകുന്ന 1500 ഓണച്ചന്തകളാണ് കേരളത്തിൽ തുടങ്ങാൻ പോകുന്നത്. നോൺ സബ്സിഡി സാധനങ്ങൾക്കും യഥാർത്ഥ വിലയിൽ നിന്ന് 40 % കുറവുണ്ടാകും. സാധനങ്ങൾക്ക് ദൗർലഭ്യം ഓണച്ചന്തയിൽ ഉണ്ടാകില്ലെന്ന് കൺസ്യുമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉറപ്പ് നൽകിയിട്ടുണ്ട്. 200 കോടി രൂപയുടെ വില്പന ലഭ്യമിടുന്ന കൺസ്യുമർഫെഡിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 20 ന് കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കും.

