ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയെന്നാണ് ബിജെപി ആരോപിക്കുന്നത്.
സ്മൃതി ഇറാനിയാണ് സഭയിൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുമെന്നാണ് റിപ്പോർട്ട്.
പാർലമെന്റിൽ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്ളൈയിങ് കിസ് നടത്താൻ സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ സാധിക്കൂവെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. തനിക്ക് മുമ്പായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.

