ആലപ്പുഴ : മണ്ണാറശാല അമ്മ ഉമാ ദേവി അന്തർജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രമണ്യൻ നമ്പൂതിരിയുടെയും രുഗ്മിണിയുടെയും മകളായി ജനിച്ചു. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയെ വിവാഹം ചെയ്തതോടെയാണ് കുടുംബാംഗമായത്. 1995 മാർച്ച് 22 നാണ് മണ്ണാറശാല ക്ഷേത്രത്തിൽ അമ്മ പൂജകൾ തുടങ്ങിയത്. ഏക മകൾ വത്സല ദേവി തിരുവനന്തപുരത്തെ ഇടയാവണത്തു മഠം ശശി ശേഖരരുവിന്റെ പത്നിയാണ്.
വലിയമ്മ സാവിത്രി അന്തർജ്ജനം 1993 ൽ അന്തരിച്ചതോടെയാണ് ഉമാ ദേവിയമ്മ ചുമതലയേറ്റത്. അമ്മമാർ സമാധിയായാൽ 3 ദിവസം ക്ഷേത്രത്തിൽ പൂജ ഉണ്ടായിരിക്കില്ല. സംസ്കാര ചടങ്ങുകൾ ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ പ്രത്യേക സ്ഥാനത്താണ് നടത്തുന്നത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ പൂജകൾ നടത്തുന്ന അന്തർജനങ്ങളെയാണ് വലിയമ്മ എന്ന് വിളിക്കുന്നത്. ഇല്ലത്തിൽ കല്യാണം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുന്നത്.

