പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വൈകാരികതയ്ക്കപ്പുറം രാഷ്ട്രീയ മത്സരമായി തിരഞ്ഞെടുപ്പിനെ നേരിടും. പാർട്ടിയേൽപ്പിച്ചത് വലിയൊരു ഉത്തരവാദിത്വമാണ്. തന്നെക്കൊണ്ടാവുന്ന രീതിയിൽ ആ ഉത്തരവാദിത്വം പൂർണമായും നിർവഹിക്കും. തന്റെ പിതാവ് 53 വർഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയർന്നു പ്രവർത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളിയിലെ സാധാരണക്കാരുടെ ജീവിതത്തിന് മാറ്റം കൊണ്ടുവരാനും അവർക്ക് കൈത്താങ്ങാകാനും അവരുടെ എം.എൽ.എയ്ക്ക് എന്നും സാധിച്ചിരുന്നു. അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകൾക്ക് ആ വൈകാരികത ഉണ്ടാവും. എന്നാൽ അതിനോടൊപ്പം രാഷ്ട്രീയ മത്സരമായാണ് കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മേഖലകളിലും എൽഡിഎഫ് സർക്കാർ പരാജയമായിരുന്നു. ആ സർക്കാരിനെതിരെയുള്ള വിധിയെഴുത്താണിത്. എല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ. വലിയൊരു ആഘാതമേറ്റ സമയമാണ്. അദ്ദേഹം അന്തരിച്ചിട്ട് 22 ദിവസങ്ങളായതെയുള്ളൂ. ആ ഖേദം മനസ്സിലുണ്ട്. തന്റെ അപ്പ ജീവിച്ചത് മുഴുവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വേണ്ടിയാണ്. ആ പാർട്ടി ഒരു ദൗത്യമേൽപ്പിച്ചാൽ അതിനു വേണ്ടി നിൽക്കുക എന്നത് എന്റെ കടമയാണെന്നും അദ്ദേഹം ആഗ്രഹിക്കുന്നതും ഇതു തന്നെയാണെന്നും ചാണ്ടി ഉമ്മൻ വിശദമാക്കി.