തിരുവനന്തപുരം: ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ആയി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കൽപങ്ങൾക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള വ്യക്തിയാണ് ജസ്റ്റിസ് മണികുമാറെന്ന് അദ്ദേഹം പറഞ്ഞു.
2018 ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതും മനുഷ്യനിർമിതവുമായിരുന്നു എന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാറും ഇത് സംബന്ധിച്ച പൊതുതാൽപര്യ ഹർജികളിൽ സ്വമേധയാ നടപടി സ്വീകരിക്കുകയുണ്ടായി. സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടത്തിനു സംഭവിച്ച വീഴ്ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാൽ, തുടർന്നു വന്ന ചീഫ് ജസ്റ്റിസ് മണികുമാർ ഇത് സംബന്ധിച്ച റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
കോവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിംഗ്ളർ കമ്പനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാർ നടപടി സ്വീകരിക്കാൻ വിസമ്മതിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിയമസഭയിൽ വച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ് ചെയ്തത്. സർക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോയി. ഇക്കാരണങ്ങളാൽ ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ആയി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കൽപങ്ങൾക്ക് വിരുദ്ധമാണെന്ന് ചെന്നിത്തല വ്യക്തമാക്കി.

