കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ; പ്രതികരണവുമായി മറിയം ഉമ്മൻ

തിരുവനന്തപുരം: കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെയെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ. തനിക്കും അച്ചുവിനും രാഷ്ട്രീയം താത്പര്യമില്ലെന്നും പാർട്ടി പറഞ്ഞാൽ ചാണ്ടി ഉമ്മൻ തന്നെ മത്സരിക്കുമെന്ന് മറിയം വ്യക്തമാക്കി. കോൺഗ്രസ് ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുമെന്ന് കരുതുന്നുവെന്നും മറിയം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാനാർത്ഥിയെ താനല്ല പ്രഖ്യാപിക്കേണ്ടതെന്നും അത് കെപിസിസി പ്രസിഡന്റാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതുപള്ളിയിൽ യുഡിഎഫ് വൻ വിജയം നേടും. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി ഈ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നത്. രാഷ്ട്രീയമായും ആശയപരമായും തെരെഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്നും എൽഡിഎഫ് നേതാക്കൾ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.