തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതോടെ അതിനെ എതിർത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണ് സുരേന്ദ്രൻ വിമർശിച്ചത്. ഇത്തരം പ്രവർത്തിയിലൂടെ കോൺഗ്രസ്സും സിപി എമ്മും ഭരണഘടനയെയും നീതി ന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണെന്നും ബി ജെ പി സംസ്ഥാനാധ്യക്ഷൻ പ്രതികരിച്ചു. പാർലമെന്റിൽ ഇത് വരെയും ചർച്ച പോലും നടക്കാത്ത വിഷയത്തിൽ പ്രമേയം പാസ്സാക്കിയതോടെ മുഖ്യമന്ത്രി പരിഹാസ്യനാവുകയാണ്.
ഏക സിവിൽ കോഡ് വരണമെന്ന് ആഗ്രഹിച്ച ഇ എം എസ്സിനെ പിണറായിയും കൂട്ടരും തള്ളി പറയുകയാണ്. ഗണപതി അവഹേളനത്തിൽ ഒന്നും ചെയ്യാത്ത കോൺഗ്രസ് സി പി എമ്മിനൊപ്പം ചേരുന്നതിൽ ദുരൂഹതയുണ്ട്. കേരളത്തിൽ കോൺഗ്രസ് സി പി എം കൂട്ടു കെട്ടിന് പാലമായി പ്രവർത്തിക്കുന്നത് ജിഹാദി ശക്തികളാണ് എന്നിങ്ങനെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണങ്ങൾ. സർക്കാർ -കോൺഗ്രസ് മത പ്രീണന നയങ്ങൾക്കെതിരെ എല്ലാ മതത്തിലുള്ളവരും ഒറ്റക്കെട്ടായി പ്രതിഷേധമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സുരേന്ദ്രൻ പ്രതികരണം അവസാനിപ്പിച്ചത്.

