ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരിച്ചു നൽകി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ്

ഡൽഹി : അപകീർത്തി കേസിൽ അയോഗ്യനാക്കപ്പെട്ടതിനൊപ്പം രാഹുൽ ഗാന്ധിക്ക് നഷ്ടപ്പെട്ട ഔദ്യോഗിക വസതി തിരിച്ചു ലഭ്യമായി. കേസിൽ സുപ്രീം കോടതി വിധി വന്നതോടെയാണ് തുഗ്ലക്ക് റോഡിലെ ഔദ്യോഗിക വസതി തിരിച്ച് നൽകാൻ ഉത്തരവായത്. ലോക് സഭ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഗുജറാത്ത് കോടതി വിധി വന്ന ഉടനെ തന്നെ രാഹുൽ ഗാന്ധിയെ ലോക് സഭ അംഗത്വത്തിൽ നിന്നും ഔദ്യോഗിക വസതിയിൽ നിന്നും വേഗം തന്നെ മാറാൻ നോട്ടീസ് നൽകിയിരുന്നു.

കോടതി ലോക്സഭാംഗത്വം തിരികെ നൽകിയതോടെ രാഹുൽ ഗാന്ധി പാർലമെന്റിൽ കഴിഞ്ഞ ദിവസമെത്തിയത് 137 ദിവസത്തിന് ശേഷമായിരുന്നു. മണിപ്പൂർ വിഷയത്തിൽ അദ്ദേഹം പാർലമെന്റിൽ പ്രതികരണം നൽകുമെന്ന് കരുതിയിരുന്നെങ്കിലും മോദിയുടെ സാന്നിധ്യം ഉള്ളപ്പോൾ സംസാരിച്ചാൽ മതിയെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി മിണ്ടാതിരുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.