മിനി സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടാനുള്ള തീരുമാനം; എതിർപ്പുമായി സിപിഎമ്മും മുസ്ലിം ലീഗും

omman chandy

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടാനുള്ള തീരുമാനത്തിൽ എതിർപ്പുമായി സിപിഎമ്മും മുസ്ലിം ലീഗും. കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി കൊണ്ടു വന്ന അജണ്ടയാണ് ലീഗും സിപിഎമ്മും എതിർത്തത്. തുടർന്ന് ഇത് തള്ളി. അതേസമയം, മുസ്ലീം ലീഗ് നിലപാടിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിലാണ് കാരശ്ശേരി പഞ്ചായത്തിലെ മലാം കുന്ന് മിനി സ്റ്റേഡിയത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടാനുള്ള അജണ്ട അവതരിപ്പിച്ചത്. എന്നാൽ കോൺഗ്രസിനെ അമ്പരപ്പിച്ച് മുസ്ലീം ലീഗിൻറെ രണ്ട് അംഗങ്ങളും ഇടത് അംഗങ്ങൾക്കൊപ്പം അജണ്ടയെ എതിർത്തു. തുടർന്ന് വോട്ടിനിട്ടപ്പോൾ ഏഴ് സിപിഎം അംഗങ്ങൾക്കൊപ്പം രണ്ട് ലീഗ് അംഗങ്ങളും അജണ്ടയെ എതിർത്ത് കൈയയുർത്തി. കോൺഗ്രസിലെ ഏഴ് അംഗങ്ങളും ഒരു വെൽഫെയർ പാർട്ടി അംഗവും അജണ്ട നടപ്പാക്കണമെന്ന് ഉറച്ചു നിന്നു. സിപിഎമ്മിനൊപ്പം ലീഗ് കൂടി ചേർന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അജണ്ട തള്ളി.

എന്നാൽ, ഉമ്മൻ ചാണ്ടിയെപോലുള്ള ജനകീയ നേതാവിന് ഒരു സ്റ്റേഡിയം പോലുള്ള സ്മാരകമല്ല വേണ്ടതെന്നും കൂടുതൽ മികച്ച സ്മാരകം വേണമെന്നതിനാലാണ് അജണ്ടയെ എതിർത്തതെന്നും മുസ്ലീം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.