ബിജെപിയെ അറിയാൻ വേണ്ടി ബംഗ്ലാദേശിലെ ഭരണകക്ഷിയുടെ അഞ്ചംഗ സംഘം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ അഞ്ചംഗ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കും. ബിജെപിയെ അറിയാൻ വേണ്ടിയാണ് സംഘത്തിന്റെ ഇന്ത്യൻ സന്ദർശനം. ബിജെപി ദേശീയ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അവാമി ലീഗ് സംഘം ഇന്ത്യയിലെത്തുന്നത്. മന്ത്രിമാരായ ഡോ മുഹമ്മദ് അബ്ദു റസാഖ്, ഹസൻ മഹ്മൂദ്, എംപിമാരായ അരോമ ദത്ത, മെറീന ജഹാൻ, അവാമി ലീഗ് ഓർഗനൈസിങ് സെക്രട്ടറി സുജിത് റോയ് നന്ദി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ഓഗസ്റ്റ് ആറു മുതൽ ഒൻപതു വരെയുള്ള തീയതികളിൽ സംഘം ഇന്ത്യയിൽ ഉണ്ടാകും. ബിജെപിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും പ്രവർത്തന രീതിയെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാനാണ് സംഘം പദ്ധതിയിടുന്നത്. ബിജെപിയെ അറിയാം എന്ന പ്രചാരണത്തിന്റെ ഭാഗമായി പാർട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് സംഘം ഇന്ത്യ സന്ദർശിക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സംഘം കൂടിക്കാഴ്ച്ച നടത്തും.