തിരുവനന്തപുരം : ജൂലൈ 29 ന് സർക്കാർ ഭക്ഷ്യവകുപ്പിന് 250 കോടി അനുവദിച്ചിരുന്നു. എന്നാൽ വീണ്ടും ഭക്ഷ്യ വകുപ്പിന് പണം വേണമെന്ന സാഹചര്യത്തിൽ ധനവകുപ്പ് 150 കോടി കൂടി നല്കുമെന്ന വാർത്തകളുമുണ്ട്. വീണ്ടും പണം ആവശ്യമാണെങ്കിലും സർക്കാരിന്റെ സാമ്പത്തിക ശേഷി മോശമായതിനാൽ വ്യക്തമായ അവലോകനം നടത്തിയ ശേഷമേ ഇതിൽ തീരുമാനം എടുക്കുകയുള്ളുവെന്നാണ് മന്ത്രിസഭ പറയുന്നത്. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ധനവകുപ്പ് തന്ന പണം തികയില്ലെന്ന് വ്യക്തമാക്കി ബാലഗോപാലിന് രേഖ മൂലം കത്തയച്ചിരുന്നു. എന്നാൽ 150 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനിച്ചെങ്കിലും 1000 കോടിയെങ്കിലും ആവശ്യമായി വരുമെന്നാണ് ഭക്ഷ്യ മന്ത്രി പറയുന്നത്.
ആദ്യം ധന വകുപ്പ് നൽകിയ തുകയിൽ 180 കോടി നെല്ല് സംഭരിക്കുന്നതിനും 70 കോടി വിപണി ഇടപെടലിനും നീക്കിയിരുത്തിയിരിക്കുകയാണ്. കർഷകരിൽ നിന്നും നെല്ല് സംഭരണത്തിലൂടെ സർക്കാരിന് വിഹിതമായി 1200 കോടി രൂപ കിട്ടാനുണ്ട്. സബ്സിഡി നിരക്കിൽ സപ്ലൈകോ സാധങ്ങൾ നൽകിയത് വഴി സർക്കാർ ഭക്ഷ്യവകുപ്പിന് 3000 കോടി നൽകാനുമുണ്ട്. ധനവകുപ്പുമായി ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രി കാനം രാജേന്ദ്രന് കത്തയച്ചിരുന്നു. അടുത്ത ഇടതു മുന്നണി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താനാണ് സി പി ഐ തീരുമാനിച്ചിരിക്കുന്നത്. പണമില്ലെങ്കിൽ ഓണച്ചന്ത നടത്താനാകില്ലെന്ന ഭക്ഷ്യ വകുപ്പിന്റെ നിലപാട് ബാധിക്കുന്നത് സാധാരണക്കാരെയാകും.

