ബംഗളൂരു: തടിയന്റവിട നസീറിനെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളുരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒരു സംഘം തീവ്രവാദബന്ധമുള്ള യുവാക്കളെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ജയിലിൽ വെച്ച് തീവ്രവാദത്തിലേക്ക് ആകർഷിച്ചത് നസീർ ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2008 ലെ ബെംഗളുരു സ്‌ഫോടനക്കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്റവിട നസീർ കഴിയുന്നത്. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നസീർ പ്രതികളെ പരിചയപ്പെടുന്നത്.
ആഴ്ച്ചകൾക്ക് മുൻപാണ് കർണാടക സ്വദേശികളായ അഞ്ച് പേർ ബംഗളൂരുവിൽ അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് തുടങ്ങിയവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും നിരവധി ആയുധശേഖരങ്ങളും കണ്ടെത്തിയിരുന്നു.
ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയൻറവിട നസീറാണെന്നും, ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നും പോലീസ് കണ്ടെത്തി.

