ചർച്ചകൾ മുറുകുന്നു; മണിപ്പൂരിൽ സമാധാന ശ്രമത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കുക്കി, മെയ്തി വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി.ഇന്റലിജൻസ് ബ്യുറോ മുൻ അഡിഷണൽ ഡയറക്ടറാണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ വിളിച്ചു കൂട്ടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗവർണർ അനസൂയ യു കെയ്ക്ക് കോൺഗ്രസ് എം എൽ എ മാർ ഈ ആവശ്യം ഉന്നയിച്ച് മെമ്മോറാൻഡം സമർപ്പിച്ചു.

സർക്കാരിനോട് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ആവശ്യപ്പെടുമെന്ന് ഗവർണർ ഉറപ്പ് നൽകി. ശാശ്വതമായ പരിഹാരം ചർച്ചയിലൂടെ സ്വീകരിക്കണമെന്ന് മുൻ മണിപ്പൂർ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് പറഞ്ഞു. പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും മണിപ്പൂരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മോദി ഉത്തരം നൽകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.