ജി20 അധ്യക്ഷ പദം; സ്മരണാർത്ഥമായി 100, 75 രൂപയുടെ നാണയങ്ങൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 100 രൂപയുടെയും 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ. ജി20 അധ്യക്ഷ പദത്തിന്റെ അടയാളമായാണ് 100, 75 രൂപയുടെ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കുന്നത്.

നൂറ് രൂപയുടെ ഒരു വശത്ത് നടുക്കായി അശോക സ്തംഭവും ഇതിന് മുകളിൽ അരികിലായി ദേവനാഗരി ലിപിയിൽ ‘സത്യമേവ ജയതേ’ എന്നും എഴുതുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ജി20 അധ്യക്ഷത വഹിക്കുന്നതിന്റെ സ്മരണാർഥം നാണയത്തിന്റെ മറുവശത്ത് നടുവിലായി അതിന്റെ ലോഗോ ആയിരിക്കും നൽകുക. ഇതിന് മുകളിൽ അരികിലായി ‘വസുദേവ കുടുംബകം’ എന്ന് ദേവനാഗിരി ലിപിയിൽ എഴുതുകയും ചെയ്യും.

താഴെ അരികിലായി ഇംഗ്ലീഷിൽ ‘വൺ ഏർത്ത്, വൺ ഫാമിലി, വൺ ഫ്യൂച്ചർ’ എഴുതുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേ രീതി തന്നെയായിരിക്കും 75 രൂപാ നാണയത്തിലും പിന്തുടരുക. 35 ഗ്രാം ഭാരമായിരിക്കും നാണയങ്ങൾക്ക് ഉണ്ടാകുക. 44 മില്ലിമീറ്റർ വ്യാസവുമുണ്ടായിരിക്കും. ഇന്ത്യയിൽ സ്മരണാർത്ഥമായി നാണയങ്ങൾ പുറത്തിറക്കാൻ തുടങ്ങിയത് 1960 മുതലാണ്. പ്രമുഖ വ്യക്തികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുക, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക, പ്രധാന ചരിത്ര സംഭവങ്ങൾ ഓർമ്മിക്കുക തുടങ്ങിയ സന്ദർഭങ്ങളിലാണ് ഇത്തരം നാണയങ്ങൾ പുറത്തിറക്കാനുള്ളത്. സ്മാരക നാണയങ്ങൾ സ്വന്തമാക്കാൻ സെക്യൂരിറ്റീസ് ഓഫ് പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.