തിരുവനന്തപുരം: മുട്ടിൽമരംമുറി കേസിൽ റിപ്പോർട്ടർ ചാനൽ മേധാവികൾക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എട്ടുകോടി രൂപയുടെ തേക്ക് അനധികൃതമായി വെട്ടിവിറ്റ മുട്ടിൽ മരംമുറി കേസിൽ ഇഡി അന്വേഷണം നടക്കുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദർ ജിത് സിംഗ് അറിയിച്ചുവെന്ന് കെ സുധാകരൻ എംപി അറിയിച്ചു.
മുട്ടിൽ മരംമുറി കേസിൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ (121/ 2021) പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ചാനൽ മേധവികൾക്കെതിരെ എൻഫോഴ്‌സ്മെന്റ് അന്വേഷണം നടക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഓണർഷിപ്പ് ട്രാൻസ്ഫർ സംബന്ധിച്ച് ആക്ഷേപങ്ങൾക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരിൽ നിന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പഴയ റിപ്പോർട്ടർ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസൻസ് ഇന്ത്യോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്. എന്നാൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോർട്ടർ എന്ന പേരിൽ പുനഃസംപ്രേക്ഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസൻസ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ പുതിയ ഉടമസ്ഥരോട് കോർപറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതിയിൽ 137.50 ലക്ഷം രൂപ കുടിശിക വരുത്തിയതായി കേന്ദ്ര തൊഴിൽ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. കുടിശിക തിരിച്ചുപിടിക്കുന്നതിന് ഡിമാൻഡ് നോട്ടീസ് നല്കുക, ബാങ്കുകൾക്ക് നിരോധന ഉത്തരവ് നല്കുക, ജീവനക്കാരുടെ ശമ്പളം,പിഎഫ് എന്നിവ വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ മുൻ എംഡി നികേഷ് കുമാറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച് ഷോക്കോസ് നോട്ടീസ് നൽകുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

