ഗുരുതരമായ തെറ്റാണ് ഇൻഡിഗോയുടെ ഭാഗത്ത് നിന്നും ഉണ്ടായത്; ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്നും ഗുരുതരമായ തെറ്റാണ് ഇൻഡിഗോയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇ പി ജയരാജൻ അറിയിച്ചു.

ഇൻഡിഗോ തങ്ങളുടെ തെറ്റ് സമ്മതിക്കണം. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇൻഡിഗോ സമ്മതിക്കണം. വിമാനത്തിലെ കയ്യേറ്റത്തിന്റെ പേരിലാണ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയത്. നടപടി ഉണ്ടായി ഒരു വർഷം പിന്നിട്ട വേളയിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇപി ജയരാജന്റെ വെളിപ്പെടുത്തൽ.

വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്‌തെന്ന കണ്ടെത്തലിൽ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് ഇനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇടതുമുന്നണി കൺവീനർ പ്രഖ്യാപിച്ചു.