കോട്ടയം : എട്ടാം തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിട്ടും ആഘോഷവും ആരവവുമില്ലാതെ മമ്മൂട്ടി. മികച്ച നടനുള്ള പുരസ്കാരം നൻ പകൽ നേരത്തെ മയക്കത്തിന് കിട്ടിയിട്ടും അദ്ദേഹം മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ എവിടെയും പ്രതികരണം രേഖപ്പെടുത്തിയിരുന്നില്ല.
വൈകാതെ താരം പ്രതികരിക്കുന്നത് കാത്തിരുന്ന ആരാധർക്ക് വേണ്ടി ടി സിദ്ധിഖ് എം എൽ എ നൽകിയ പോസ്റ്റിലൂടെയായിരുന്നു മറുപടി. ‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം ഉമ്മൻ ചാണ്ടി സാറിന്റെ ഓർമയിൽ മികച്ച നടനായിട്ടും ആഘോഷങ്ങൾ ഇല്ലാതെ മമ്മൂക്ക’ എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി വളരെ ആത്മബന്ധം ഉള്ളയാളായിരുന്നു മമ്മൂട്ടി. അത് കൊണ്ടാണ് സുഹൃത്തിന്റെ നിര്യാണത്തെ തുടർന്ന് പൂർണമായും അവാർഡ് ലഭിച്ചതിന്റെ ആഘോഷം ഒഴിവാക്കിയത്. ഉമ്മൻ ചാണ്ടിയെ കാണാനായി തിരുനക്കര മൈതാനിയിൽ മമ്മൂട്ടി എത്തിയിരുന്നു.

