പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ അനൗദ്യോഗിക ധാരണ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ അനൗദ്യോഗിക ധാരണയായി. കോൺഗ്രസ് ഹൈക്കമാണ്ടിനെ ഇക്കാര്യം ഉടൻ അറിയിക്കാനാണ് കെപിസിസിയുടെ തീരുമാനമെന്നാണ് വിവരം. ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ചേർന്നാണ്.

ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ചാണ്ടി ഉമ്മൻ പ്രചരണത്തിൽ സജീവമാകും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ചാണ്ടി ഉമ്മന് അനുകൂലമാണ്. അതേസമയം, പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും അത് നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതുപ്പള്ളിയിയിൽ ഉമ്മൻ ചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ല. വേറൊരാൾക്കും അദ്ദേഹമാകാൻ കഴിയില്ല. പാർട്ടിയാണ് എല്ലാം. പാർട്ടി ഇല്ലാതെ ഒരു വ്യക്തിയില്ല. താൻ ഏത് സ്ഥാനം വഹിക്കണമെന്നത് തന്റെ തീരുമാനമല്ല, പാർട്ടി തീരുമാനമാണ്. തനിക്കുണ്ടായത് ജീവിതത്തിൽ നികത്താനാകാത്ത നഷ്ടമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.