ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസ്; നടൻ വിനായകന് നോട്ടീസ്

കൊച്ചി: നടൻ വിനായകന് നോട്ടീസ് അയച്ച് പോലീസ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിലാണ് പോലീസ് വിനായകന് നോട്ടീസ് അയച്ചത്. മൂന്നു ദിവസത്തിനുള്ളിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ വിനായകൻ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിനായകനോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിനായകൻ സ്റ്റേഷനിൽ എത്തിയിരുന്നില്ല.

ആശുപത്രിയിലായതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്നായിരുന്നു വിനായകൻ വിശദീകരിച്ചത്. തുടർന്ന് മൂന്നുദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ച് പോലീസ് വിനായകന് നോട്ടീസ് നൽകുകയായിരുന്നു. അതേസമയം, കലൂരിലെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരേ വിനായകനും പോലീസിൽ പരാതി നൽകി. ഈ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിനായകൻ ഹാജരായി മൊഴി നൽകിയതിന് ശേഷമേ ഈ പരാതിയിൽ കേസെടുക്കൂവെന്ന് പോലീസ് അറിയിച്ചു.

ഉമ്മൻചാണ്ടി മരണപ്പെട്ടതിന് പിന്നാലെയാണ് വിനായകൻ അദ്ദേഹത്തിനെതിരെ വിവാദ പരാമർശം നടത്തിയത്. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു വിനായകൻ വിവാദ പരാമർശം നടത്തിയത്. സംഭവത്തിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നടൻ വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.