തിരുവനന്തപുരം: ഓഫീസ് സമയത്ത് ഹാജരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയാണ് നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ജീവനക്കാരോടാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് കഴിഞ്ഞ ദിവസം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന നടന്നത്. മുതിർന്ന അഞ്ചോളം ഉദ്യോഗസ്ഥർ പരിശോധന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടർന്ന് രജിസ്റ്റർ പരിശോധനക്കായി അറ്റൻഡൻസ് ശേഖരിച്ചു. ഓഫീസിലെ ജീവനക്കാരായ നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഓഫീസിൽ ഹാജരാകാതിരുന്നത്.
ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്.

